Friday, March 12, 2010

മലയാള സിനിമയിലെ ഫാസിസ്റ്റ് ആര്..?

  
കണ്ണൂരില്‍ ഒരു പ്രഭാഷണത്തില്‍ നോവലീസ്റ്റ് സി വി ബാലകൃഷ്ണന്‍ അഴീക്കോടിനു നേരെ ഒളിയമ്പെയ്തതായി വാര്‍ത്ത. ഇതേവരെ ഒരു സിനിമയും കാണാത്ത അഴീക്കോടിന് സിനിമാതാരങ്ങളെ വിമര്‍ശിക്കാന്‍ എന്തവകാശം എന്നാണത്രേ സി.വി ബാലകൃഷ്ണന്റെ ചോദ്യം... മോഹന്‍ലാലും ഇന്നസെന്റും ഇതേകാര്യം വാര്‍ത്താസമ്മേളനം നടത്തി ചോദിച്ചു.  താരങ്ങളുടെ ആരാധകരും പലയിടത്തായി അതാവര്‍ത്തിച്ചു. . ഈ ചോദ്യത്തിലടങ്ങിയിരിക്കുന്ന അയുക്തികത എന്തെന്ന് ആലോചിക്കാനാണ് ഈ കുറിപ്പ്.
                .
                അഴീക്കോട് വിമര്‍ശിച്ചത് മലയാള സിനിമയെയല്ല സിനിമാതാരങ്ങളെയാണ് എന്ന ലളിതമായ ഉത്തരം പറഞ്ഞ്  ഈചോദ്യത്തെ  നേരിടാം.പക്ഷേ ഇത് എഴുത്തുകാരനെ  പോലും ബാധിച്ച ഒരു മനോഘടനയായതുകൊണ്ട് ഒരു വിശകലനത്തിന്ന് സാംഗത്യമുണ്ട്.
                  സാഹിത്യ-കലകളെ ക്കുറിച്ച് അഭിപ്രായം പറയാന്‍ ആ കലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു മാത്രമേ സ്വാതന്ത്ര്യമുള്ളൂ എന്നത്  ഒരു മൌലികവാദമാണ്.അഭിനേതാക്കളും സാങ്കേതിക വിദഗ്ദരും കഥയെഴുത്തുകാരും നിര്‍മ്മാതാക്കളും തിയേറ്റര്‍ ഉടമകളും മാത്രമാണോ മലയാള സിനിമയുടെ സ്വന്തക്കാര്‍?   അല്ലെങ്കില്‍ പണം മുടക്കി തിയറ്ററില്‍ പോയി സിനിമ കണുന്നവന്‍ മാത്രമാണോ അതിന്റെ ഉടമസ്ഥര്‍?  മലയാള സിനിമയെ നിലനിര്‍ത്തുന്നതും വളര്‍ത്തുന്നതും അവര്‍ മാത്രമാണോ?.
                സിനിമയുടെ സ്വാധീനവലയമുള്ള    ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്.സിനിമയുമായി ബന്ധപ്പെട്ട എത്ര ദൃശ്യങ്ങളും ശബ്ദങ്ങളുമാണ്  ഓരോ സെക്കന്റിലും നമ്മുടെ കണ്ണിലും കാതിലും പതിച്ചുകൊണ്ടിരിക്കുന്നത്.സിനിമാപോസ്റ്ററുകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഇമേജുകള്‍ മുതല്‍ മാര്‍ക്കറ്റില്‍ വിറ്റഴിയുന്ന സാധനങ്ങളില്‍ വരെ സിനിമയുണ്ട്. കൊച്ചുകുഞ്ഞുങ്ങള്‍ പാടുന്ന മൂളിപ്പാട്ടില്‍ വരെ സിനിമയുണ്ട്. ഒരു സിനിമാപ്പാട്ടെങ്കിലും മൂളാത്ത മലയാളിയുണ്ടാവില്ല ,ഇപ്പോള്‍ ജീവിക്കുന്നവരില്‍.  എത്ര സിനിമാഡയലോഗുകളാണ് നാം നിത്യ ജീവിതത്തില്‍ ഉപയോഗിക്കുന്നത് എന്നു കണ്‍ടെത്തുക (“നീ പോ മോനേ ദിനേശാ “എന്നിങ്ങനെ സിനിമയില്‍ നിന്ന് നേരെ കയറിവരുന്നതും “ ഇതെന്താ ഭിക്ഷക്കാരുടെ സംസ്ഥാന സമ്മേളനമോ?“ എന്നിങ്ങനെ സിനിമാസ്വാധീനമുള്ളതുമാ‍യ ഡയലോഗുകള്‍ പരിശോധിക്കുക.)രസകരമായിരിക്കും.  നമ്മുടെ സ്വീകരണ മുറിയില്‍ പ്രമുഖ സ്ഥാനം നല്‍കി  പ്രതിഷ്ഠിച്ചിരിക്കുന്ന ടി.വി.യിലെ ചാനലുകളില്‍ എത്രയെണ്ണം  സിനിമയെ ആശ്രയിക്കാതെ നിലനില്‍ക്കുന്നുണ്ട്.? പരിശോധിക്കുക..
                         ടി.വി. എന്ന ഒരു സാംസ്കാരികോപകരണം എല്ലാ കേരളീയകുടുംബങ്ങളിലെയും ഒരു പൊതു ഉപദേശകനാണ്, സുഹൃത്താണ്. .ടീ.വി. കാണാത്ത മലയാളി ഉണ്ടാകില്ലെന്ന് തന്നെ പറയാം. എന്നാല്‍  മിക്ക   .ചാനലുകളും സിനിമാനുബന്ധ പരിപാടികളും പരസ്യങ്ങളും സംപ്രേക്ഷണം ചെയ്താണ് ജീവിക്കുന്നത്. സിനിമാപ്പാട്ട്,സിനിമയിലെ നര്‍മ്മഭാഗങ്ങള്‍, സിനിമാന്യൂസ് തുടങ്ങിയവയ്ക്കു പുറമെ ഗൌരവമുള്ള പരിപാടികള്‍  വിശദീകരിക്കാന്‍ വരെ സിനിമാക്ലിപ്പിംഗ്സ് ഉപയോഗിക്കുന്നു. ബ്യൂട്ടി മീറ്റ്സ്  ക്വാളിറ്റി എന്ന കളവുകള്‍ സിനിമാതാരങ്ങള്‍ വിളിച്ചുപറയുന്നത് നാ നിരന്തരം കേള്‍ക്കുന്നു. . നാം സ്വീകരണ മുറിയിലൂടെ വെറുതെ കടന്ന് പോവുമ്പോഴും ചിലപ്പോള്‍ ഇവ നമ്മുടെ ചെവിയില്‍ പതിയും. ആരെങ്കിലും തുറന്ന് വച്ച ടി.വിയില്‍ നിന്ന് സിനിമയുമായി ബന്ധമുള്ള   ദൃശ്യമോ ശബ്ദമോ നിത്യവും  നമ്മെ പിന്തുടരും. നമ്മുടെ ശ്രദ്ധയെ വേട്ടയാടി അതിന്റെ സാനിധ്യത്തെ ബ്രെയിനില്‍ പതിപ്പിച്ചുകൊണ്ടിരിക്കും.  സി.വി.ബാലകൃഷ്ണന്‍ തിരക്കഥയെഴുതിയ സിനിമകള്‍ കാണേണ്ടെന്നുവെച്ചാലും അത് നമ്മളെ തേടിയെത്തും.
           ഇങ്ങനെ തികച്ചും സിനിമാറ്റിക് ആയ (സിനിമയെ  സംബന്ധിക്കുന്ന, സിനിമയാല്‍ സ്വാധീനിക്കപ്പെടുന്ന) ഒരു സമൂഹത്തിലാണ് മലയാളി ജീവിക്കുന്നത്.  നാം നേരിട്ട് പണം കൊടുത്ത് ടാക്കീസില്‍ പോയി കണ്ടില്ലെങ്കിലും സിനിമ  മലയാളിയെ  തേടിയെത്തും. അത്കൊണ്ട് സിനിമയുമായി ബന്ധമുള്ള ഏതു കാര്യത്തെകുറിച്ചും ഏതു മലയാളപൌരനും  ചര്‍ച്ച ചെയ്യാം.  ഇത് മലയാളിയുടെ  പൌരാവകാശമാണ്.  മൌലികവാദികള്‍  ആദ്യം നിഷേധിക്കുക പൌരാവകാശമാണ്.. ഇപ്പോള്‍ മലയാളത്തിലെ ഒരെഴുത്തുകാരനില്‍ നിന്ന്  മൌലികാവകാശം   നിഷേധിക്കുന്ന തരത്തില്‍ ഫാസിസ്റ്റ് ശബ്ദം  പുറപ്പെട്ടത് ഭീതിജനകമായിരിക്കുന്നു .

      വാല്‍ക്കഷ്ണം:
               ഇതു വരെ ഒരു സിനിമയിലും അഭിനയിച്ചിട്ടില്ലാത്ത
               സി.വി ബാലകൃഷ്ണന് മോഹന്‍ലാലിന്റെ
               വക്താവാകാന്‍  എന്തവകാശം.....?                                                                                                                                


                                                                                                                                                   

2 comments:

  1. പുറത്താക്കാനും അകത്താക്കാന് ഇതെന്താ...??? തിലകന്‍ എന്ന മഹാനടന് അഭിനയിക്കാന്‍ കഴിയുന്നത്രയും കാലം തീര്‍ച്ചയായും അഭിനയിക്കാം...അല്ലെങ്കില്‍ തന്നെ ഈ താര സംഘടന എന്ന മാജിക്‌ മെഷ്രൂം എന്നത്തെ മഴയത് കിളിര്‍ത്തതാ...??? അവശ്യം ഒരു ചിത്രത്തില്‍ മുഖം കാണിക്കേണ്ട എല്ലാ യോഗ്യതയും ഉള്ള വ്യതിത്വം തന്നെയാണ് സുകുമാര്‍ അഴിക്കോടും. പക്ഷെ വെറും നടന വിദഗ്ദ്ധന്മാരുടെ സൌന്ദര്യ പിണക്കത്തിന് മറുപടി പറയാനും അവരുടെ പ്രതികരണങ്ങളും ഓര്‍ക്കുമ്പോള്‍ സാംസ്‌കാരിക കേരളത്തിന്റെ അധപധനം ലജ്ഞകരം തന്നെ...!!!

    ReplyDelete
  2. പ്രതികരിക്കാനുള്ള അവകാശം ആര്‍ക്കും എന്നപോലെ സുകുമാര്‍ അഴികോടിനുമുണ്ട്...എന്നാല്‍ അഴികോട് ഇതുവരെ ഏതു പ്രശ്നത്തിലാണ് ഉദ്ദേശശുദ്ധിയോടെ ഇടപെട്ടിടുള്ളത്..ഒരു കാലത്ത് വിമോചന സമരമെന്ന പ്രഹസനതിന്റെ നടത്തിപ്പ് കാരനും മാര്‍ക്സിസ്റ്റു വിരുദ്ധനും പിന്നീട് ഇന്ന് ഇടതുപക്ഷ സഹായാത്രികനെന്നു സ്വയം വിശേഷിപ്പിക്കുന്ന അഴികൊടിനു ചരിത്രത്തില്‍ ''വെട്ടുകിളി'' എന്നാ സ്ഥാനമേ ഉള്ളു എന്ത് സാമുഹ്യ പ്രശ്നങ്ങളെയും ഒരു ഘട്ടത്തില്‍ മാധ്യമ ശ്രദ്ധയ്ക്കായി ഇടപെട്ടു വശലാക്കുകയല്ലാതെ ഇന്ന് വരെ അഴികോട് ഒരു വിഷയത്തെയും ഏറ്റെടുക്കുകയോ ജനകീയമായ കാര്യങ്ങളില്‍ ഇടപെടുകയോ ചെയ്തിട്ടില്ല..വി.എസ്സിനെതിരുള്ള ''പട്ടി-പക്ഷി'' വിവാധത്തിലായാലും തിലകന്‍ വിവാധതിലായാലും കേവലം മാധ്യമ ശ്രദ്ധയാണ് അഴികൊടിന്റെ ലക്‌ഷ്യം..അത് കൊണ്ട് തന്നെയാണ് ഇന്നും മരിച്ചിട്ടും ജനമാനസിലിടം നേടിയ എം.എന്‍.വിജയന്‍ മാഷേ പോലുള്ള ചിന്തകനും ജനകീയനുമായ വ്യക്തിത്വങ്ങളെ അയാള്‍ വീണ്ടും വീണ്ടും ആക്രമിക്കുന്നതും..ഒരു വിഷയം തന്നെ പലര്‍ക്കും വേണ്ടി മാറ്റി പറയുന്ന അഴികൊടിനെ പോലുള്ളവരാണ് എല്ലാ വിവാദങ്ങളും ഇത്രമേല്‍ വഷളാക്കുന്നത്...

    ReplyDelete