Tuesday, January 19, 2010

അല്‍ കഫിറൂന്‍ -സംവാദങ്ങളുടെ പുസ്തകം

           ടി പി സക്കറിയ                                                                                                Book Review

          മലയാളനോവലിന്റെ പുതുവഴികളില്‍ അടയാളപ്പെടേണ്ട ഒരു ഗ്രന്ഥമാണ് ടി കെ അനില്‍കുമാറിന്റെ  “അല്‍ കാഫിറൂന്‍ -സംവാദങ്ങളുടെ പുസ്തകം.“ പേര് സൂചിപ്പിക്കുമ്പോലെ ഈ നോവല്‍ ഒട്ടേറെ സംവാദങ്ങള്‍ക്ക് വഴിയൊരുക്കാം.
       അല്കാഫിരുന്‍  ഖുറാനിലെ ഒരു അദ്ധ്യായമാണ്. അല്‍ കാഫിറൂന്‍  എന്ന വാക്കിനു  അവിശ്വാസി  എന്നാണര്‍ഥം   .മുഹമ്മദ്‌ നബി  അവിശ്വാസികളെ സംബോധന ചെയ്ത് "നിങ്ങള്‍ക്ക് നിങ്ങളുടെ മതവും ആരാധനാരിതികളും  എന്നും എനിക്ക് എന്റെ മതവും   ആരാധനാരിതികളും എന്നും പ്രതിപക്ഷ ബഹുമാനത്തോടെ  വിയോജിക്കുന്ന ഒരധ്യായമാണിത്. .അനില്‍കുമാര്‍  നോവലിന്റെ  ആമുഖമായി  ഈ ഖുറാന്‍ വചനമാണ് ചേര്‍ത്തിരിക്കുന്നത്.
   മതം രാഷ്ട്രിയതാല്‍പ്പര്യങ്ങളുമായി പ്രതിപ്രവര്‍ത്തിച്ച്     തീവ്രവാദവും ഫാസിസവും മനുഷ്യത്വ വിരുദ്ധമായ കച്ചവട താല്‍പ്പര്യങ്ങള്‍  ഉല്‍പ്പാദിപ്പിക്കുകയും മതവി ശ്വാസങ്ങള്‍  സംവാദം പോലും  അസാദ്ധ്യമായ വൈകാരികതയിലേക്കും അയുക്തികത്യിലേക്കും വഴുതി വീഴുകയും ചെയ്യുന്ന
  ഇക്കാലത്ത് ഈ നോവലിന്ന് ഏറെ  പ്രസക്തിയുണ്ട്. .ആണ്‍ കോയ്മയിലധിഷ്ടിതമായ  ഇസ്ലാം മതത്തില്‍ പെട്ട താരിഖലി എന്ന യുവാവ് തന്നിലെ പെണ് സ്വത്വത്തെ അടക്കാനാവാതെ പെണ്ണായി മാറുമ്പോള്‍ ഇസ്ലാം മതം ചരിത്രപരമായി ഒരിക്കലും നേരിട്ടിട്ടില്ലാത്ത പുതിയ 
പ്രതിസന്ധിയാണുടലെടുക്കുന്നത് .              

     ലസിമ എന്ന യുവതിയും വിനോദ് എന്ന അന്വേഷകനും കേരളത്തിന്റെ വടക്കേഅറ്റം മുതല്‍ തേക്കേ അറ്റം വരെ സഞ്ചരിക്കുമ്പോള്‍പരമ്പരാഗതമയ പല സങ്കല്പങ്ങളെയും ചോദ്യം ചെയേണ്ടിവരുന്നു.ചരിത്രപരമായും രാഷ്ട്രീയമായും പ്രധന്യമുള്ള സ്ഥലങ്ങളിലൂടെയാണ് അവരുടെ പുതുകാഴ്ചകളുടെ സഞ്ചാരം. ആണത്തത്തിന്റെ പിന്‍ബലമുള്ള മതങ്ങള്‍ കോറിയിട്ട വാക്യങ്ങളുടെയും ആഖ്യനങ്ങളുടെയും തേരിലേറിയല്ല അവര്‍ സഞ്ചരിക്കുന്നത്. ചരിത്രത്തില്‍ അങ്ങിങ്ങ് മിന്നിതിളങ്ങുന്ന മതേതരവും അധികാരമുക്തവുമായ ഇത്തിരി വെട്ടത്തിലൂടെയാണ്.
സ്വത്വ പ്രതിസന്ധി നേരിടുന്ന മലയാളിയെ ചരിത്രവത്കരിക്കാനാണ് അവരുടെ ശ്രമം.  
      ഒരു ഡിറ്റക്ടീവ്  നോവലിന്റെ ആഖ്യാനരീതിയിലാണ് നോവല്‍ പുരോഗമിക്കുന്നത്.  ലസിമയും വിനോദും ഒന്നും കണ്ടെത്തുന്നില്ല.ലസിമ തന്നിലെ താരിഖലിയെ കണ്ടെത്തി വെളിപ്പെടുത്തുന്നുണ്ടെങ്കിലും                 അസ്വാസ്ഥ്യങ്ങളുടെ ചരിത്രം ആരംഭിക്കുകയാണവിടെ.വിനോദിന്റെ അന്വഷണം അനന്തമായി നീളുന്നു.
               തരിഖലിയെ കുറിച്ചുള്ള അന്വേഷണം മതത്തിന്റെയും ജാതിയുടെയും
കേരളമെന്ന രാഷ്ടീയഭൂമികയുടെയും  സ്വത്വാന്വേഷണമായി മാറുന്നു  . ഇതാണ് ഈ നോവലിനെ ശ്രദ്ധേയമാക്കുന്നത്.ആഖ്യാനത്തിലെ പുതുമയും ശ്രദ്ധേയമാണ്.ഖുറാനിലെയും ബൈബിളിലെയും ചരിത്രഗ്രന്ഥങ്ങളിലെയും വാക്യങ്ങള്‍ പലതും നോവലില്‍ പുനര്‍ജ്ജനിക്കുന്നു.ബഹുസ്വരമായ ഈ വാക്യങ്ങള്‍ നോവലിന്റെ ആഖ്യാനഭാഷയായി മാറുന്നു.അതുകൊണ്ടുതന്നെ ഈ നോവല്‍ ജനാധൈപത്യത്തിന്റെയും ബഹുസ്വരതകളുടെയും പിന്‍ബലമുള്ള മതേതരാഖ്യാനമായി മാറുന്നു.





അല്‍കാഫിറൂന്‍-സംവാദങ്ങളുടെ പുസ്തകം
നോവല്‍
ടി കെ അനില്‍കുമാര്‍
ഡി സി ബുക്സ്
വില-Rs -70


No comments:

Post a Comment